Kerala News

പൂജ ചെയ്ത് രോഗം മാറ്റാമെന്ന് യുവതിയെയും അമ്മയെയും വിശ്വസിപ്പിച്ച് 19 കാരൻ ചെയ്തത് ഇങ്ങനെ

കൊച്ചി : പ്രായംചെന്ന സ്ത്രീയെയും മകളെയും പൂജ ചെയ്ത് രോഗം മാറ്റി കൊടുക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച ഒരു കോടി രൂപയോളം തട്ടിയെടുത്ത യുവാവ് പിടിയിൽ. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ആനന്ദാശ്രമം പൊട്ടൻകുളം വീട്ടിൽ ഷാജിയുടെ മകൻ അലക്സ് (19) ആണ് പിടിയിലായത്.

തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകളെയുമാണ് ഭീഷണിപ്പെടുത്തി അലക്സ് 82 ലക്ഷം രൂപ തട്ടിയെടുത്തത്.
പരാതിക്കാരിയും മകളും പാലാരിവട്ടം വൈഎംസിഎയിൽ രണ്ടുമാസം മുറിയെടുത്ത് താമസിച്ചിരുന്നപ്പോൾ, പ്രതിയായ അലക്സ് അവിടെ റൂം ബോയ് ആയിരുന്നു.

പരാതിക്കാരിയുടെ ഹൃദയസംബന്ധമായ രോഗവും മറ്റും മനസ്സിലാക്കിയ പ്രതി തനിക്ക് രോഗം മാറ്റുവാനുള്ള പ്രത്യേക പൂജ അറിയാമെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ആദ്യം തന്നെ ഇയാൾ പൂജ ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കുമായി 9 ലക്ഷം രൂപ കൈപ്പറ്റി. പിന്നീട് പല തവണകളായി 16 ലക്ഷം രൂപ കൈവശപ്പെടുത്തി. പിന്നീട് പരാതിക്കാരിയുടെ മകളെ പ്രതി അലക്സ് ചിറ്റൂർ റോഡിലേക്ക് വിളിച്ചുവരുത്തി.

കൂടുതൽ പൂജാകർമ്മങ്ങൾ ചെയ്തില്ലെങ്കിൽ പരാതിക്കാരിക്ക് മരണം സംഭവിക്കുമെന്നും പറഞ്ഞു. അതിനായി കൂടുതൽ പണം വേണമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി മകളുടെ കൈവശമുണ്ടായിരുന്ന എടിഎം കാർഡ് തട്ടിയെടുക്കുകയും ചെയ്തു. എടിഎം കാർഡ് ഉപയോഗിച്ച് 45 ലക്ഷത്തോളം രൂപ പിൻവലിക്കുകയും വിവിധ സാധനങ്ങൾ വാങ്ങിക്കുകയും ചെയ്തു.

വീണ്ടും പണത്തിനായി നിരന്തരം ഭീഷണി തുടർന്നതോടെയാണ്, അമ്മയും മകളും കൊച്ചി ഡിസിപി പൂങ്കുഴലിക്ക് പരാതി നൽകിയത്. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. അപഹരിച്ച പണം കൊണ്ട് അലക്സ് പാനായികുളത്ത് ഒരു ആഡംബര വില്ലയും ഒരു ലക്ഷത്തിന് അടുത്ത വിലയുള്ള മൊബൈൽ ഫോണുകളും വാങ്ങി.

ആഡംബര ബൈക്കും ലക്ഷങ്ങൾ വിലവരുന്ന മുന്തിയ ഇനം വളർത്തു നായയെയും അത്യാധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളും കബളിപ്പിച്ച പണം കൊണ്ട് അലക്സ് സ്വന്തമാക്കിയതായി പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

About the author

Anju Nayana AN